എന്‍ട്രന്‍സ്: വിജ്ഞാപനമായി പ്ലസ്ടു മാര്‍ക്കിനും പ്രാധാന്യം

Unknown

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള വിജ്ഞാപനമായി. ഏപ്രില്‍ 18 മുതല്‍ 20 വരെയാണ് പ്രവേശന പരീക്ഷ. എന്‍ജിനീയറിങ് പ്രവേശനത്തിന് യോഗ്യതാ പരീക്ഷയായ ഹയര്‍ സെക്കന്‍ഡറിയുടെ മാര്‍ക്ക്കൂടി പ്രവേശന പരീക്ഷയുടെ മാര്‍ക്കിന് തുല്യമായി പരിഗണിക്കുമെന്നതാണ് ഇപ്രാവശ്യത്തെ പ്രധാനമാറ്റം. അടുത്ത വര്‍ഷംമുതല്‍ മെഡിക്കല്‍ പ്രവേശനത്തിനും പ്ലസ് ടു മാര്‍ക്ക് പരിഗണിക്കുമെന്ന് മന്ത്രിമാരായ എം.എ. ബേബിയും പി.കെ. ശ്രീമതിയും പത്രസമ്മേളനത്തില്‍ പറഞ്ഞു.

എന്‍ട്രന്‍സ് പരീക്ഷാ പരിഷ്‌കരണബില്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. പട്ടികജാതി, വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രന്‍സ് പരീക്ഷ ഒഴിവാക്കണമെന്ന നിര്‍ദേശം ബില്ലില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കും. എന്‍.ആര്‍.ഐ. കുട്ടികള്‍ക്ക് പ്രവേശനപരീക്ഷ ഒഴിവാക്കാമെങ്കില്‍ സാമൂഹ്യപരമായും മറ്റും പിന്നാക്കം നില്‍ക്കുന്ന പട്ടിക വിഭാഗങ്ങള്‍ക്ക് പരീക്ഷ ഒഴിവാക്കി നല്‍കുന്നതില്‍ തെറ്റില്ല. അവര്‍ക്ക് പ്രവേശന പരീക്ഷയെന്ന കടമ്പ കടക്കാനാകുന്നില്ല. നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍തന്നെ ബില്‍ അവതരിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രിമാര്‍ പറഞ്ഞു.

നിയമസഭയില്‍ ബില്‍ അവതരിപ്പിച്ചശേഷം കേന്ദ്ര സര്‍ക്കാരിന്റെയും മെഡിക്കല്‍ കൗണ്‍സിലിന്റെയും അംഗീകാരവും തേടും.

അപേക്ഷാഫോറവും പ്രോസ്‌പെക്ടസും ജനവരി 19 മുതല്‍ ഫിബ്രവരി 14 വരെ സംസ്ഥാനത്തിനകത്തുള്ള 160 ഉം പുറത്തുള്ള എട്ടും പോസ്റ്റ് ഓഫീസുകള്‍ വഴി ലഭിക്കും. ജനറല്‍വിഭാഗത്തിന് 700 രൂപയും എസ്.സി., എസ്.ടിക്ക് 350 രൂപയുമാണ് ഫീസ്. വാര്‍ഷിക വരുമാനം 40000 രൂപയില്‍ താഴെയുള്ള എസ്.സി.,എസ്. ടിക്കാര്‍ക്ക് ഫോറം സൗജന്യമായി ലഭിക്കും. ഇതിനായി ജാതി, വരുമാന സര്‍ട്ടിഫിക്കറ്റുമായി പട്ടികവര്‍ഗ വികസന ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

സംവരണത്തിന് അര്‍ഹതയില്ലാത്തവര്‍ക്ക് www.cee-kerala.org എന്ന വെബ് സൈറ്റിലൂടെ ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയുടെ പ്രിന്റഔട്ട് എടുത്ത് എസ്.ബി. ടിയില്‍ 700 രൂപയടച്ച രസീതും ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും സഹിതം പരീക്ഷാ കമ്മീഷണര്‍ക്ക് അയയ്ക്കണം.

പരീക്ഷയെക്കുറിച്ചുള്ള വിവരങ്ങള്‍ www.cee-kerala.org എന്ന സൈറ്റിലും 0471-2115311,2115312,2115313 എന്ന നമ്പറുകളില്‍ നിന്നും അറിയാം.

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment