'ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു' എന്ന് നിങ്ങളുടെ കുട്ടി പറയുമ്പോള്‍

അന്യരിൽനിന്ന് മാത്രമല്ല, സ്വന്തം കുടുംബത്തിൽനിന്നുള്ളവരിൽ നിന്നു വരെ കുട്ടികൾ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്ന കാലമാണിത്. പലപ്പോഴും കുട്ടികൾ ഇത്തരത്തിലുള്ള പീഡനം നിശ്ശബ്ദമായി സഹിക്കുകയാണ് പതിവ്. സ്വന്തം അനുഭവം എങ്ങനെ പറയണം എന്നുപോലും പലപ്പോഴും അവർക്ക് അറിയില്ല. അപ്പോൾ എന്താണ് മാതാപിതാക്കൾ ചെയ്യേണ്ടത്?


മിതമായ ഉത്കണ്ഠയും ആത്മഹത്യാപ്രവണതയുമായിരുന്നു ആ രഹസ്യം അവന് നൽകിയത്. മദ്യവും മയക്കുമരുന്നും നൽകുന്ന സുഷുപ്തിയിൽ അഭയം തേടാൻ അത് അവനെ പ്രേരിപ്പിച്ചു. തന്നെ ദുർബലനാക്കുന്ന ആ രഹസ്യവും പേറി ഇരുപത്തഞ്ചോളം വർഷം അവൻ ജീവിച്ചു. ആ രഹസ്യം ആരോടെങ്കിലും പറയുമ്പോഴുണ്ടാകുന്ന നാണക്കേടിനെയും അത് സൃഷ്ടിക്കുന്ന വേദനയെയും അവൻ ഭയന്നു.
എന്നാൽ നാണക്കേട് സൃഷ്ടിക്കുന്ന വേദനയെക്കാൾ വലുതാണ് താൻ ഇപ്പോൾ അനുഭവിക്കുന്നതെന്ന് പിന്നീട് അവൻ തിരിച്ചറിഞ്ഞു. "കണ്ണാടിയിൽ തെളിയുന്ന സ്വന്തം പ്രതിബിംബത്തെ പോലും നേരിടാൻ കഴിയാത്ത അവസ്ഥയിലേക്ക് ഞാനെത്തി. ഇരുട്ടത്താണ്‌ ഞാൻ പല്ലുതേച്ചിരുന്നത്. എല്ലാത്തിനും ഞാൻ കുറ്റപ്പെടുത്തിയത് എന്നെത്തന്നെയായിരുന്നു" -അവൻ പറയുന്നു.

ഒരു കുടുംബസുഹൃത്തിൽ നിന്നായിരുന്നു കുട്ടിയായിരിക്കുമ്പോൾ അവന് പീഡനം നേരിടേണ്ടിവന്നത്. വെറും സ്നേഹപ്രകടനം മാത്രമാണ്‌ അത്‌ എന്നായിരുന്നു കുടുംബത്തിലെ മറ്റുള്ളവർ വിചാരിച്ചത്. പിന്നീട് സ്വകാര്യ സ്കൂളിലെ ഒരു അധ്യാപകനും അവനെ ലൈംഗികപീഡനത്തിന് ഇരയാക്കി. പീഡനവിവരം അവൻ പുറത്തുപറയാതിരിക്കാനുള്ള മാർഗമായി അയാൾ സ്വീകരിച്ചത് ശാരീരികമായി ശിക്ഷിക്കാനുള്ള അനുമതി മാതാപിതാക്കൾ നൽകിയിട്ടുണ്ടെന്ന് അവനെ വിശ്വസിപ്പിച്ചുകൊണ്ടായിരുന്നു.
ആദ്യമൊക്കെ ശൗചാലയത്തിന്റെ അകത്തുവെച്ചായിരുന്നു പീഡനം. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടിയായതിനാൽ പ്രത്യേകം ശ്രദ്ധനൽകാമെന്ന വാഗ്ദാനത്തിൽ വീട്ടിൽ വിളിച്ചുവരുത്തിയായി പിന്നീടുള്ള പീഡനം. അവനെ കെട്ടിപ്പിടിച്ചും സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചുമൊക്കെ അയാൾ ലൈംഗികസുഖം ആസ്വദിക്കാൻ തുടങ്ങി.

തുടർന്ന് അതിക്രൂരമായ ലൈംഗികപീഡനങ്ങൾക്ക് അവനെ വിധേയനാക്കി. സാധാരണ മാനസികാവസ്ഥയിലുള്ളവർ ഒരിക്കലും ചെയ്യാത്ത ലൈംഗികവൈകൃതങ്ങൾ ചെയ്യാൻ അവനെ അയാൾ നിർബന്ധിച്ചു. ഒരുഘട്ടത്തിൽ, തന്റെ അവസ്ഥയെക്കുറിച്ച് അച്ഛനോട് പറയാൻ അവൻ മുതിർന്നു. എന്നാൽ ആ സംഭാഷണം അവസാനിച്ചത് അവന്റെ മാതാപിതാക്കൾ വിവാഹമോചിതരാകുന്നതിലേക്കായിരുന്നു. കുടുംബത്തിലെ അന്തരീക്ഷം വഷളാക്കുന്ന കാര്യങ്ങൾ ചെയ്യാൻ അവൻ ആഗ്രഹിച്ചതുമില്ല.
ക്രമേണ സ്വന്തം വിഷമതകൾ പരിഹരിക്കാനുള്ള കഴിവ് അവൻ തന്നെ കണ്ടെത്തി. അങ്ങനെ ഹൈസ്കൂളിലെത്തിയപ്പോഴേക്കും താൻ നേരിട്ടിരുന്ന ലൈംഗികപീഡനത്തിന്റെ പിടിയിൽനിന്ന് ഒരു പരിധിവരെ മോചിതനാകാൻ അവന് കഴിഞ്ഞു. പക്ഷേ, നേരിട്ട ദുരനുഭവങ്ങൾ അവനെ അത്ര വേഗം വിട്ടൊഴിഞ്ഞില്ല. വർഷങ്ങളോളം അവനെ അവ പിന്തുടർന്നു.
ചെറുപ്പത്തിൽ ലൈംഗിക പീഡനത്തിനിരയായ ഒരു ആൺകുട്ടിയുടെ കഥയാണിത്. ഒരു ന്യൂസ് ചാനലിൽ തന്റെ അനുഭവം പങ്കുവയ്ക്കുകയായിരുന്നു അവൻ. ഈ വാർത്ത എന്നെ അദ്ഭുതപ്പെടുത്തിക്കളഞ്ഞു.

സാധാരണയായി, ഇന്ത്യയിൽ ലൈംഗികപീഡനങ്ങളുമായി ബന്ധപ്പെട്ട് പൊതുവേ ഉയർന്നുകേൾക്കാറുള്ളത് പെൺകുട്ടികളുടെയോ സ്ത്രീകളുടെയോ  പേരുകളാണ്. എന്നാൽ, ഈ സംഭവം കേട്ടതോടെ ഒരുകാര്യം എനിക്കു മനസ്സിലായി. ലിംഗഭേദമെന്യേ നമ്മുടെ കുട്ടികൾ ലൈംഗികചൂഷണത്തിന് വിധേയരാകുന്നുണ്ടെന്ന്. സ്വന്തം മക്കൾ ലൈംഗികപീഡനത്തിന് ഇരയായെന്ന കാര്യം അറിയുമ്പോൾ എങ്ങനെയായിരിക്കും മാതാപിതാക്കൾ പ്രതികരിക്കുക? എന്ത് നടപടിയായിരിക്കും അവർ അടുത്തതായി കൈക്കൊള്ളുക? ഇതാ അതിനുള്ള ചില നിർദേശങ്ങൾ...

ലൈംഗികചൂഷണത്തിന് ഇരകളാകുന്ന നാലിൽ മൂന്നുഭാഗം കുട്ടികളും പീഡനവിവരം മറ്റാരോടും പറയാറില്ല. ജീവിതകാലം മുഴുവനും അവർ ഈ രഹസ്യം സൂക്ഷിച്ചുവെക്കും. നമുക്ക് പരിചയമുള്ളവർതന്നെയാകും പലപ്പോഴും നമ്മുടെ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുക. കണക്കുകൾ പ്രകാരം പത്തിൽ എട്ട്‌ കുട്ടികൾക്കും അവരെ പീഡിപ്പിച്ച ആളുകൾ പരിചിതരാണത്രെ. അവരിൽ പലരും കുടുംബസുഹൃത്തുക്കളോ അയൽക്കാരോ കുട്ടികളെ നോക്കാൻ വരുന്നവരോ ഒക്കെയാണ്. ഈ ശിശുപീഡകരുടെ കൂട്ടത്തിൽ സമൂഹത്തിൽ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്നവരിൽ ചിലരും ഉണ്ടെന്ന കാര്യവും നാം മനസ്സിലാക്കേണ്ടതുണ്ട്.

നേരിട്ടു പറയുന്നതിനെക്കാൾ മറ്റുചില രീതികളിലൂടെയാവും ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ച് കുട്ടികൾ നമ്മോടു പറയുക. അവർ പറയുന്നത് എന്തിനെക്കുറിച്ചെന്ന് മനസ്സിലാക്കാൻ കുട്ടികൾ ഉപയോഗിക്കുന്ന ആംഗ്യങ്ങളെക്കുറിച്ചും മറ്റും മാതാപിതാക്കൾക്ക് ധാരണയുണ്ടാകേണ്ടത് അനിവാര്യമാണ്. അസാധാരണമായത് എന്തൊെക്കയോ സംഭവിക്കുന്നുണ്ടെന്ന് ചില സൂചനകൾ കുട്ടികൾ നമുക്കു തരും.

അവർ എന്തിനെക്കുറിച്ചാണ് പറയുന്നതെന്ന് അത്രവേഗം മനസ്സിലായിക്കൊള്ളണമെന്നില്ല. കാരണം എന്താണ് സംഭവിച്ചതെന്ന് കൃത്യമായും വ്യക്തമായും പറഞ്ഞുമനസ്സിലാക്കാൻ കുട്ടികൾക്ക് സാധിക്കണമെന്നില്ലല്ലോ. അതുകൊണ്ടുതന്നെ കുട്ടി എന്തെങ്കിലും കാര്യം പറയാൻ ശ്രമിക്കുമ്പോൾ അതെന്തിനെക്കുറിച്ചാണെന്ന് മനസ്സിലാക്കാനും കേൾക്കാനും മാതാപിതാക്കൾ തയ്യാറാകണം. കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് അത്യാവശ്യമായ കാര്യമാണിത്.

കുട്ടികൾ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്നറിയുകയോ അല്ലെങ്കിൽ അത്തരം ഒരു സംശയം തോന്നുകയോ ചെയ്തെന്നിരിക്കട്ടെ, രക്ഷിതാവ് എന്ന നിലയിൽ വലിയ ആഘാതമായിരിക്കും അത് നിങ്ങൾക്ക് നൽകുക. അതുകൊണ്ടുതന്നെ നിങ്ങളുടെ വികാരങ്ങളെ കൃത്യമായി കൈകാര്യം ചെയ്യേണ്ടതുണ്ട്. എങ്കിൽ മാത്രമേ, കുറ്റപ്പെടുത്തലുകളും വേദനിപ്പിക്കലുകളും മുൻവിധികളുമില്ലാത്ത സുരക്ഷിതമായ ഒരു അന്തരീക്ഷം കുട്ടിക്കായി ഒരുക്കാൻ നിങ്ങൾക്ക് സാധിക്കുകയുള്ളൂ.

കുട്ടി ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്നറിയുമ്പോൾ കുട്ടികളെ വാക്കുകളിലൂടെ സമാശ്വസിപ്പിക്കുക എന്നത് അത്യാവശ്യമാണ്. ഇതിന്റെ ഭാഗമായി കുട്ടിയോട് ഐ ലവ് യു എന്നു പറയാം, സംഭവിച്ചത് കുട്ടിയുടെ കുറ്റമല്ലെന്നു പറയാം, നിനക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിത്തരുമെന്ന് ഉറപ്പും നൽകാം.


കുട്ടി പറയുന്നത് ശ്രദ്ധയോടെ കേൾക്കുക
ലൈംഗിക പീഡനത്തിന് ഇരയായ കാര്യമാണ് കുട്ടി നിങ്ങളോട് പറയുന്നതെന്നു തോന്നിയാൽ അവരുടെ വാക്കുകൾ കൂടുതൽ ശ്രദ്ധയോടെ കേൾക്കുക. അവർ പറയുന്നതിന് അടിയന്തരപ്രാധാന്യം നൽകുക. കുട്ടികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനകളുടെയും പോലീസിന്റെയും സഹായവും തേടുക. ഇത്തരം സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വൈദഗ്ധ്യം ഉള്ളവരാണ് അവർ. അതുകൊണ്ടുതന്നെ ശരിയായ രീതിയിൽ കുട്ടിയെയും കുടുംബത്തെയും അവർ പരിഗണിക്കും

.
കുട്ടികളെ വിശ്വസിക്കുക
ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്നു നിങ്ങളുടെ കുട്ടി പറഞ്ഞാൽ അക്കാര്യം വിശ്വാസത്തിലെടുക്കുക. കാരണം ഇത്തരം കാര്യങ്ങളിൽ കുട്ടികൾ കള്ളം പറയാനുള്ള സാധ്യത വളരെ കുറവാണ്. നിങ്ങൾക്ക് വിശ്വാസമുള്ള ഒരാൾ, നിങ്ങളുടെ കുഞ്ഞിനെ ലൈംഗികമായി ദുരുപയോഗം ചെയ്തു എന്ന വസ്തുത ഞെട്ടിക്കുന്നതായിരിക്കും. എന്നാൽ ഒരു കാര്യം മനസ്സിലാക്കുക, മുതിർന്നവരെ പോലെ വ്യാജ ലൈംഗിക ആരോപണങ്ങൾ കുട്ടികൾ ഉയർത്തുകയില്ല.

അതിക്രമത്തെക്കുറിച്ച് നിശ്ശബ്ദരായിരിക്കാൻ കുട്ടികൾക്കുമേലുള്ള സമ്മർദം വളരെ വലുതായിരിക്കും. ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടു എന്ന് തുറന്നുപറയാൻ അസാമാന്യ ധൈര്യം ആവശ്യമാണ്. ഉപദ്രവിക്കപ്പെട്ടാലും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും ചിലപ്പോൾ കുട്ടികൾ പറഞ്ഞേക്കാം. ഇത് സാധാരണമാണ്. എന്താണ് സംഭവിച്ചതെന്ന് ഓരോ തവണയും വിവരിക്കുമ്പോൾ ആദ്യം പറഞ്ഞതിൽനിന്ന് ചില വ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. ഇതും സ്വാഭാവികമാണ്. അതുകൊണ്ടുതന്നെ ഇതൊന്നും കുട്ടിയെ അവിശ്വസിക്കാനുള്ള കാരണങ്ങളായി പരിഗണിക്കരുത്.


കുട്ടിക്ക് ആവശ്യമായ പിന്തുണ നൽകുക- കുട്ടി പറയുന്നത് ശ്രദ്ധയോടെ കേൾക്കുകയും അവർക്ക് ആവശ്യമായ പിന്തുണ നൽകുകയും ചെയ്യുക.


ശാന്തത കൈവിടാതിരിക്കുക- കുട്ടികൾ ലൈംഗിക ചൂഷണം ചെയ്യപ്പെട്ടതിനെക്കുറിച്ച് സംസാരിക്കുമ്പോൾ ദേഷ്യപ്പെടാതിരിക്കുക. അവർ പറയുന്നത് ക്ഷമയോടെ കേൾക്കുക. കാരണം, ദേഷ്യപ്പെടുന്നത് ശിക്ഷിക്കാനായിരിക്കും എന്ന ചിന്ത കുട്ടികളിൽ രൂപം കൊണ്ടേക്കാം. ഇത് ആരോടും പറയരുതെന്ന പീഡകന്റെ ഭീഷണിയെ ബലപ്പെടുത്താനേ നിങ്ങളുടെ നിങ്ങളുടെ ദേഷ്യം സഹായിക്കൂ.

കുട്ടികളെ കരുതലോടെ പരിരക്ഷിക്കുക-
കുട്ടിയോട് ഒരുവിധത്തിലുള്ള അകൽച്ചയും നിങ്ങൾക്കില്ലെന്നും സംഭവിച്ചതിൽ കുട്ടിയുടെ ഭാഗത്ത് യാതൊരു തെറ്റുമില്ലെന്നും അവരെ ബോധ്യപ്പെടുത്തുക. മാതാപിതാക്കൾ തന്നെ വിശ്വസിക്കുന്നുണ്ടെന്നും സംരക്ഷിക്കുമെന്ന ബോധവും അവരിൽ വളർത്തേണ്ടതും അത്യാവശ്യമാണ്.

പ്രശ്നത്തെ അഭിമുഖീകരിക്കുക-
വിഷയത്തെക്കുറിച്ച് അറിഞ്ഞശേഷം അതിനെ അഭിമുഖീകരിക്കാൻ മാനസികമായി തയ്യാറെടുക്കുക. കുഞ്ഞിന് ആവശ്യമായ മാനസികപിന്തുണ നൽകുക, ഒപ്പം കുറ്റക്കാരനെ നിയമത്തിനുമുന്നിലെത്തിക്കുക.

കുട്ടിക്ക് സുരക്ഷിതത്വം ഉറപ്പാക്കുക-
കുട്ടി വീണ്ടും അതിക്രമങ്ങൾക്ക് ഇരയാകാതിരിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുക. കുട്ടിയെ ആ മാനസികാവസ്ഥയിൽനിന്ന് പുറത്തുകൊണ്ടുവരാനും ആശ്വസിപ്പിക്കാനും ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായം തേടുക.

പ്രതീക്ഷ കൈവിടാതിരിക്കുക- ലൈംഗികപീഡനം ഏൽപ്പിക്കുന്ന മാനസികാഘാതത്തിൽനിന്ന് കുട്ടികൾക്ക് മോചിതരാകാൻ സാധിക്കും. അതുകൊണ്ട് പ്രതീക്ഷ കൈവിടുകയോ നിരാശരാവുകയോ അരുത്. നമുക്ക് ഏറെ പ്രിയപ്പെട്ടവരാണ് നമ്മുടെ കുട്ടികൾ. അവർ ചൂഷണത്തിന് വിധേയരായി എന്നറിയുന്നത് ഏറ്റവും വിഷമമുള്ള കാര്യമാണ്. എന്നിരുന്നാലും ആ വിഷമവൃത്തത്തിൽനിന്ന്‌ പുറത്തുകടന്നേ മതിയാകൂ.
ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടു എന്ന് കുട്ടി നമ്മോട് പറയുമ്പോൾ പലവിധത്തിലുള്ള വികാരങ്ങളാകും നമ്മുടെ മനസ്സിലൂടെ കടന്നുപോവുക. അത് ദേഷ്യമാകാം ഉത്കണ്ഠയാകാം ഭയമാകാം ദുഃഖമാകാം ഞെട്ടലായിരിക്കാം.

ദേഷ്യം
- കുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തവരോട് കടുത്ത ദേഷ്യം തോന്നിയേക്കാം. അവരോട് മാത്രമല്ല, ഇക്കാര്യം പറയാതിരുന്നതിന് കുട്ടിയോടും ദേഷ്യം തോന്നിയേക്കാം. ഇങ്ങനെയൊരു കാര്യം കുട്ടി പറയുന്നത് കേൾക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പക്ഷേ, ഒന്നോർക്കുക, ഇത് നിങ്ങളുടെ കുട്ടിയുടെ തെറ്റല്ല.

ഉത്കണ്ഠ
- വിവരം അറിഞ്ഞ ശേഷം എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ നിങ്ങൾക്ക് ഉത്കണ്ഠ തോന്നിയേക്കാം. ഇനി കുഞ്ഞിനെ ഉപദ്രവിച്ചയാൾ നിങ്ങളുടെ കുടുംബവുമായി ബന്ധമുള്ള ആളാണെന്നിരിക്കട്ടെ, അയാളുമായുള്ള ബന്ധത്തിന്റെ ഭാവി എന്തായിരിക്കണമെന്ന വിഷയത്തിലും നിങ്ങൾക്ക് ഉത്കണ്ഠയുണ്ടാവുക സ്വാഭാവികമാണ്.

ഭയം
-കുഞ്ഞിനെ ഉപദ്രവിച്ചയാൾ വീണ്ടും അവനെ/അവളെ ഉപദ്രവിച്ചേക്കുമോ എന്ന ഭയം മാതാപിതാക്കളിൽ ഉണ്ടായേക്കാം.

ദുഃഖം
- കുട്ടിയെയും കുടുംബത്തെയും ഓർത്തും നിങ്ങളെക്കുറിച്ചോർത്തും വിഷമം തോന്നിയേക്കാം.  ലൈംഗികാതിക്രമത്തെക്കുറിച്ച് കുട്ടി പറയുന്ന നിമിഷം നിങ്ങളുടെ ജീവിതത്തിൽ സൃഷ്ടിക്കുന്ന മാറ്റം വളരെ വലുതാണ്. കുട്ടിയുടെ തുറന്നുപറച്ചിലിലൂടെ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റത്തെ അംഗീകരിച്ച് മുന്നോട്ടുപോവുക.

ഞെട്ടൽ
-കുട്ടി ലൈംഗികാതിക്രമത്തിന് ഇരയാകുന്നു എന്ന കാര്യം നിങ്ങൾ അറിയുന്നില്ല എന്നു കരുതുക. പെട്ടെന്ന് ഇക്കാര്യം അറിയുമ്പോൾ നിങ്ങൾക്കുണ്ടാകുന്ന ഞെട്ടൽ വളരെ വലുതായിരിക്കും. കുട്ടികൾ ലൈംഗികചൂഷണത്തിന് വിധേയരായി എന്നു പറയുമ്പോൾ, നിങ്ങളുടെ മനസ്സിൽ ഏത് വികാരങ്ങളൊക്കെ കടന്നുവരുന്നുവോ അവയൊക്കെയും തീർത്തും സ്വാഭാവികമാണെന്ന് മനസ്സിലാക്കുക. അവയെ തെറ്റെന്നോ ശരിയെന്നോ വേർതിരിക്കേണ്ടതില്ല. വിഷയം പരിഹരിക്കുന്നതിന്റെ ഭാഗമായി നിങ്ങൾക്കും കുട്ടിക്കും വിദഗ്ധരുടെ സേവനം തേടാവുന്നതാണ്. കാരണം നിങ്ങൾ നേരിടുന്ന മാനസികപ്രശ്നങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ പരിഹരിക്കാൻ ഇവർക്ക് സാധിച്ചേക്കും.



by # സന്ധ്യാ വര്‍മ/ at www.mathrubhumi.com

PDF ൽ ആവശ്യമില്ലാത്ത ചിത്രങ്ങളോ (Picture ), തലക്കെട്ടുകളോ (heading), സ്ഥലങ്ങളോ (Area), പാഠഭാഗങ്ങളോ (Paragraphs ) ഉണ്ടെങ്കിൽ അവിടെ ക്ലിക്ക് ചെയ്താൽ അതൊക്കെ മാഞ്ഞു പോകും. (undo ഉണ്ട്). Font Size, Picture Size എന്നിവ ക്രമീകരിക്കാം. അതിനു ശേഷം PDF ബട്ടൺ ക്ലിക്ക് ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച PDF ലഭിക്കും

To avoid SPAM, all comments will be moderated before being displayed.
Don't share any personal or sensitive information.

Post a Comment